സമര്‍പ്പണം

സമര്‍പ്പണം
ഭൗതികയുടെ അടിമത്വത്തിൽ നിന്നു മനുഷ്യനെ മോചിപ്പിച്ച മുഹമ്മദ്‌ (സ) ക്കു മുമ്പിൽ

Monday, January 18, 2010

മനസ്സും പോഷകങ്ങളും

മനുഷ്യമനസ്സ് വല്ലാത്ത ഒരു പ്രഹേളികയാണ്‌ ഒരു മണിക്കൂറില്‍ എത്ര ചിന്തകളാണ്‌ മനുഷ്യനെ മഥിക്കുന്നത്. എത്ര ആശയങ്ങള്‍, എത്ര ചിത്രങ്ങള്‍ വിശകലനം ചെയ്യുകയും സൂക്ഷിക്കുകയും അനാവശ്യമായത് വലിച്ചെറിയുകയും ചെയ്യുന്നു. ഒരു നിമിഷം ചിന്തയില്‍ മുഴുകുന്ന ഒരാളുടെ മനസ്സില്‍ മിന്നിമറയുന്ന രൂപങ്ങളെ കുറിച്ചു ആലോചിച്ചാല്‍ മാത്രം മതി അത് ബോധ്യപ്പെടാന്‍. സാങ്കേതിക വിദ്യയുടെ അമിത വേഗത്തിലുള്ള വളര്‍ച്ച മനുഷ്യനെ സംഭ്രമിപ്പിക്കുന്നണ്ട്. ടെലിവിഷന്‍ സ്ക്രീനില്‍ മിന്നിമറയുന്ന പരസ്യങ്ങളുടെ നിറഭേദങ്ങളും രൂപവൈവിധ്യവും തുടങ്ങി ഒരു ദ്രുത യാത്രയിലെ വഴിയോരക്കാഴ്ചകള്‍ വരെ അതിനു നിദര്‍ശനങ്ങളാണ്‌. പോരാത്തത്, ഒരു ശരാശരി മനുഷ്നു ലഭിക്കുന്ന ഇ മെയിലുകളിലെ ചിത്രവൈവിദ്യങ്ങള്‍, രൂപവൈകൃതങ്ങള്‍ ലൈംഗികാഭാസങ്ങള്‍ മനുഷ്യന്‍ ആഗ്രഹിക്കാതെ തന്നെ കേള്‍ക്കാനും കാണാനും നിര്‍ബന്ധിതരാവുകയാണ്‌. കണ്ണ് തുറക്കുന്നിടമെല്ലാം ഈ ദുര്‍ഭൂതങ്ങളുടെ പിടിയില്‍ അകപ്പെട്ടിരിക്കുകയാണ്‌. ഇവിടെ മനസ്സിന്‌ അനാവശ്യമായ അദ്ധ്വാനം അടിച്ചേല്പ്പിക്കപ്പെടുകയാണ്‌. മറവി, മനഃസ്സംഘര്‍‍ഷം, അള്‍ഷിമേഴ്സ് തുടങ്ങിയ പ്രശ്നങ്ങളാണ്‌ അതിനാല്‍ നേരിടേണ്ടിവരുന്നത്.

അങ്ങാടികള്‍ പിശാചിന്‍റെ വിഹാരകേന്ദ്രങ്ങളാണ്‌ എന്ന നബിവചനം കമ്പോളവത്കരിക്കപ്പെട്ട ആധുനിക ലോകത്ത് ഏറെ ശ്രദ്ധേയമാണ്‌. അല്ലാഹുവിന്‌ ഏറെ പ്രിയങ്കരമായ സ്ഥലം ആരാധനാലയങ്ങളും ഏറ്റവും കോപകരമായത് അങ്ങാടികളും ആണെന്ന മറ്റൊരു പരാമര്‍ശവും മനുഷ്യന്‍റെ അനാവശ്യവ്യവഹാരങ്ങളെ നിരുത്സാഹപ്പെടുത്തുന്നുണ്ട്‌. മനുഷ്യന്‌ ആവശ്യം വേണ്ട വികാരങ്ങളായ സ്നേഹം, ആര്‍ദൃത, ദീനാനുകമ്പ തുടങ്ങിയവ പുതിയ തലമുറയില്‍ നിന്നു അപ്രത്യക്ഷമായതും ഇതിന്‍റെ പരിണതിയാണ്‌. നിര്‍ലജ്ജത, പ്രകടനപരത, ക്രൂരവാസന തുടങ്ങിയ മനോവൈകല്യങ്ങള്‍ക്കു സമൂഹത്തില്‍ മാന്യത കൈവന്നതും അതു കൊണ്ടു തന്നെ.
മനുഷ്യനെ ബാധിക്കുന്ന ഈ മരവിപ്പിനു ഇടക്കിടെ ചികിത്സ ചെയ്യേണ്ടതായി വരുന്നു. മനുഷ്യനു ജീവന്‍ നിലനിര്‍ത്താനും വളര്‍ച്ചക്കും പോശകാഹാരങ്ങള്‍ പോലെയോ, അതിലധികമോ തന്നെ പ്രധാനമാണ്‌ മനസ്സിന്‍റെ പരിപാലനവും. മാലിന്യങ്ങളില്‍ നിന്നും വിഷങ്ങളില്‍ നിന്നും മനസ്സിനെ സം‌രക്ഷിച്ചു നിര്‍ത്തുക അനിവാര്യമാണല്ലോ.അറിവിനുമപ്പുറം ആത്മ ചൈതന്യം ലഭിക്കുന്ന സദസ്സുകള്‍, പള്ളിയിലെ കൂട്ടനിസ്കാരം, ആവര്‍ത്തിച്ചു ധര്‍മ്മോപദേശം നടത്തുന്ന ഖുര്‍‌ആന്‍ പാരായണം തുടങ്ങിയവയുടെ പ്രസക്തി ഇവിടെ കൂടുതല്‍ തെളിഞ്ഞുവരുന്നു.

വാര്‍ത്തകള്‍, വിജ്ഞാനങ്ങള്‍, സേവനങ്ങള്‍ തുടങ്ങിയവ സൗജന്യമായി നല്‍കുന്ന വെബ്സൈറ്റുകളും ദൃശ്യ- ശ്രാവ്യ മാധ്യമങ്ങളും നാമറിയാതെ തന്നെ പരസ്യങ്ങളിലൂടെയും മറ്റും നമ്മുടെ മനസ്സിനെ സ്വാധീനിക്കുകയും അതിന്‍റെ പ്രതിഫലം നേടുകയും ചെയ്യുന്നുണ്ട്. ഈ നിര്‍ബന്ധിത കച്ചവടത്തില്‍ ആരാണു ലാഭം കൊയ്യുന്നത്, ഈ സ്വാധീനത്തിന്‍റെ ദുര്‍ഫലങ്ങള്‍ എന്താണെന്നൊന്നും ആരും ചിന്തിക്കാറില്ല. കാരണം ഇവിടെ വേട്ടക്കാരന്‍ മാത്രമേ ചിത്രത്തിലുള്ളൂ. ഇര കഥയറഞ്ഞിട്ടില്ലയെന്നര്‍ത്ഥം. താനുമായി ബന്ധമില്ലാത്തതെല്ലാം ഉപേക്ഷിക്കുന്നതാണു നന്മയെന്ന തിരുവചനം മനുഷ്യന്‍റെ ദൈനംദിന ജീവിതത്തിലെ സമയ നിയന്ത്രണത്തിനു മനോഹരമായ മാര്‍ഗ്ഗനിര്‍ദ്ദേശമാണ്‌. എന്നാല്‍ ആള്‍ക്കൂട്ടത്തില്‍ തനിച്ചാവുന്നതും നമ്മുടെ മനസ്സിനു ബാധിക്കുന്നത് തന്നെ. എന്നാല്‍ നമ്മുടെ ജീവിതം ദൈവാഭിമുഖമാക്കുന്നതിലൂടെ സ്വയം ആത്മധൈര്യം കൈവരിക്കാനാവും. നിന്‍റെ നാവ് ദൈവമന്ത്രത്താല്‍ നനുത്തു നില്‍ക്കട്ടെയുന്നു പ്രവാചകന്‍ തന്‍റെ അനുചരനെ ഉപദേശിച്ചത് അതിനുവേണ്ടിയാണ്‌.

2 comments:

Abdul Gafoor Rahmani said...

എന്തെങ്കിലുമൊക്കെ അഭിപ്രായങ്ങള്‍ ഉണ്ടാവുമെല്ലോ, എല്ലാത്തിനും സ്വാഗതം.

ജയരാജ്‌മുരുക്കുംപുഴ said...

bestwishes....................