സമര്‍പ്പണം

സമര്‍പ്പണം
ഭൗതികയുടെ അടിമത്വത്തിൽ നിന്നു മനുഷ്യനെ മോചിപ്പിച്ച മുഹമ്മദ്‌ (സ) ക്കു മുമ്പിൽ

Sunday, February 14, 2010

പേരിനുമുണ്ട് പെരുമകളേറെ

മുഹമ്മദ് ആ നാമമാണ്‌ ഇന്നു ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്കു വിളിക്കപ്പെട്ട പ്രിയങ്കരമായ നാമം. കാരണം അതു ഈ ഭൂമിയില്‍ ജനിച്ച ഏറ്റവും പൂര്‍ണ്ണനായ മനുഷ്യനു വിളിച്ച പേരാണ്‌.


സ്വന്തം പേരിനെ പ്പറ്റി നബി (സ) പറയുന്നു: "എനിക്ക് അഞ്ചു നാമങ്ങളുണ്ട്. ഞാന്‍ മുഹമ്മദാണ്‌, ഞാന്‍ അഹ്‌മദാണ്‌, ഞാന്‍ മാഹിയാണ്‌ ( വിപാടകന്‍) എന്നിലൂടെ അല്ലാഹു സത്യനിഷേധം വിപാടനം ചെയ്യും, ഞാന്‍ ഹാശിര്‍ ആണ്, എന്‍റെ കാല്‍ക്കലായാണു ജനങ്ങളെ അന്ത്യനാളില്‍ അല്ലാഹു ഒരുമിച്ചുകൂട്ടുന്നത്." നബിയുടെ ഏറ്റവും പ്രസിദ്ധമായ നാമം മുഹമ്മദ് തന്നെ.


ഖുര്‍‌ആനില്‍ നാലിടത്താണ്‌ അല്ലാഹു മുഹമ്മദ് എന്ന നാമം ചേര്‍ത്തു നബിയെ പരാമര്‍ശിച്ചത്. പ്രമുഖ സ്വഹാബി അബൂ ഹുറൈറയില്‍ നിന്നും ഉദ്ധരിക്കപ്പെട്ട ഒരു ഹദീസ് ഇങ്ങനെ വായിക്കാം : നിങ്ങള്‍ക്കു അത്ഭുതം തോന്നുന്നില്ലേ, ഖുറൈശികളുടെ ആക്ഷേപവും ശാപവും അല്ലാഹു എന്നില്‍ നിന്നു തട്ടിയകറ്റുന്നത് എങ്ങനെയെന്നു നിങ്ങള്‍ക്കു അത്ഭുതം തോന്നുന്നില്ലേ. അവര്‍ നിന്ദ്യനെയാണ്‌ ആക്ഷേപിക്കുന്നത്. അവര്‍ നിന്ദ്യനെയാണു ശപിക്കുന്നത്. ഞനാണെങ്കിലോ മുഹമ്മദും (വാഴ്ത്തപ്പെട്ടയാള്‍ എന്നാണല്ലോ മുഹമ്മദിന്‍റെ അര്‍ത്ഥം). ഇബ്നു ഹജര്‍ (റ) പറഞ്ഞു: ഖുറൈശി സത്യനിഷേധികള്‍ നബിയോടുള്ള വെറുപ്പു കാരണം വാഴ്ത്തപ്പെട്ടയാള്‍ എന്നര്‍ത്ഥമുള്ള മുഹമ്മദ് എന്നു പറയാറില്ല, അതിനെതിര്‍ പദമായ മുദമ്മം (അധിക്ഷേപിതന്‍ ) എന്നാണു പറഞ്ഞിരുന്നത്.
ഇബ്നു അബ്ബാസില്‍ നിന്നു ഉദ്ദരിക്കപ്പെട്ട ഒരു ഹദീസില്‍ ഇങ്ങനെ കാണാം: നബി (സ) ജനിച്ചപ്പോള്‍ തന്‍റെ പിതാമഹന്‍ ഒരു ആടിനെ അറുത്തു പാവങ്ങള്‍ക്കു ദാനം ചെയ്യുകയും മുഹമ്മദ് എന്നു പേരിടുകയും ചെയ്തു. അപ്പോള്‍ ആളുകള്‍ അദ്ദേഹത്തോടു ചോദിച്ചു: എന്താണു നിങ്ങള്‍ കുഞ്ഞിനു പൂര്‍‌വ്വികരുടെ പേരൊന്നുമിടാതെ മുഹമ്മദ് എന്നു പേരിട്ടത്? അദ്ദേഹം പറഞ്ഞു: ആകാശത്തില്‍ അല്ലാഹുവും ഭൂമിയില്‍ ജനങ്ങളും വാഴ്ത്തട്ടെയെന്നും കരുതി.
പ്രമുഖ പണ്‍ഡിതന്‍ ഖാദി ഇയാള് പറയുന്നതിങ്ങനെ: മുഹമ്മദ്, അഹമ്മദ് എന്നീ നാമങ്ങള്‍ അല്ലാഹുവിന്‍റെ സവിശേഷ ദൃഷ്ടാന്തവും അത്ഭുതവുമാണ്‌. നബിയുടെ മുമ്പുള്ള കാലത്തൊന്നും ആരും ആ പേരിടാതെ അല്ലാഹു സൂക്ഷിച്ചു, പൂര്‌വ്വ വേദങ്ങളില്‍ പറഞ്ഞതും പൂര്‍‌വ്വ പ്രവാചകന്മാര്‍ സുവിശേഷം അറിയിച്ചതുമായ അഹമ്മദ് എന്ന നാമം മറ്റാര്‍ക്കും ചേര്‍ത്തു വിളിക്കുന്നതും പ്രവാചകത്വം വാദിച്ചു ദുര്‍ബല മനസ്കരായ ആളുകള്‍ തെറ്റുദ്ധരിക്കുന്നതും അല്ലാഹു തന്‍റെ യുക്തിയാല്‍ ഇല്ലായ്മ ചെയ്തു. മുഹമ്മദ് എന്ന നാമവും അതു പോലെ തന്നെ അറബികളൊ മറ്റാരെങ്കിലുമോ ആ പേരിട്ടില്ല. മുഹമ്മദ് എന്ന പേരുള്ള പ്രവാചകന്‍ ജനിക്കാറായി എന്നറിഞ്ഞ ചുരുക്കം ചിലര്‍ അത് തങ്ങളുടെ കുഞ്ഞായിരിക്കട്ടെയെന്നാഗ്രഹച്ചു പേരിട്ടിട്ടുണ്ടെന്നു മാത്രം.


ഇമാം ത്വബറാനിയും ഹാകിമും ബൈഹഖിയും ഉമര്‍ (റ) വില്‍ നിന്നു ഉദ്ധരിക്കുന്ന ഹദീസ് നോക്കൂ, " നബി (സ) പറഞ്ഞു: ആദം ആ പാപം ചെയ്ത സന്ദര്‍ഭത്തില്‍ അര്‍ശി ( അല്ലാഹുവിന്റെ സിംഹാസനം) ലേക്കു തലയുയര്‍ത്തി നോക്കിക്കൊണ്‍ടു പ്രാര്‍ഥിച്ചു: അല്ലാഹുവേ, മുഹമ്മദ് (സ) യെ കരുതി എനിക്കു നീ പൊറുത്തു തരേണമേ, അപ്പോള്‍ അല്ലാഹു ചോദിച്ചു:ആരാണു മുഹമ്മദ് (സ) ? ആദം (അ) പറഞ്ഞു: നിന്റെ നാമം അനുഗ്രഹീതമായിരിക്കട്ടെ, നീ എന്നെ സൃഷ്ടിച്ചു, ഞാന്‍ നിന്റെ സിംഹാസനത്തിലേക്കു നോക്കിയപ്പോള്‍ അതില്‍ എഴുതിയതായി കണ്ടു: “അല്ലാഹു അല്ലാതെ ദൈവമില്ല; മുഹമ്മദ്( സ) അവന്റെ ദൂതനാകുന്നു”. നിന്റെ നാമത്തോടു ചേര്‍ത്തു പറഞ്ഞ നാമത്തേക്കാള്‍ മഹത്വമുള്ള മറ്റൊരാളും ഇല്ലെന്നു അപ്പോള്‍ ഞാന്‍ മനസ്സിലാക്കി. ഇതു കേട്ടു അല്ലാഹു പറഞ്ഞു: ആദം, അദ്ദേഹം നിന്റെ സന്തതികളില്‍ നിന്നുള്ള അന്ത്യ പ്രവാചകനാണ്‌. അദ്ദേഹം ഇല്ലെങ്കില്‍ നിന്നെ ഞാന്‍ സൃഷ്ടിക്കുമായിരുന്നില്ല.


അബൂ യ‌അലായും ത്വബറാനിയും ഇബ്നു അസാകിറും പ്രമുഖ സഹാബി അബൂ ഹുറൈറ (റ) യില്‍ നിന്ന്‌ ഉദ്ധരിക്കുന്നു. നബി (സ) പറഞ്ഞു: എന്നെ ആകാശാരോഹണം ചെയ്യിക്കപ്പെട്ട രാവില്‍ ഞാന്‍ കടന്നു പോയ ഒറ്റ ആകാശവും " മുഹമ്മദ് (സ) അല്ലാഹുവിന്റെ തിരുദൂതര്‍ " എന്ന്‌ ഉല്ലേഖനം ചെയ്യപ്പെടാതെ കണ്ടില്ല.


അബൂ ന‌ഈം ഇബ്നു അബ്ബാസില്‍ നിന്ന്‌ ഉദ്ധരിക്കുന്നു. നബി (സ) പറഞ്ഞു: സ്വര്‍ഗ്ഗത്തില്‍ ഒരു മരവും അതിലെ ഇലയില്‍ " ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദ് റസൂലുല്ലാഹ് " എന്നെഴുതാത്തതായി ഇല്ല. ഇബ്നു അസാകിര്‍ (റ) ക‌അബുല്‍ അഹ്ബാറില്‍ നിന്നുദ്ധരിക്കുന്നു: ശീശ് (അ) ആദം ( സ) ന്റെ ഏറ്റവും ശ്രേഷ്ടനായ മകനായിരുന്നു, ആദം തന്റെ വസിയ്യതു നല്‍കുകയും പിന്‍‌ഗാമിയാക്കുകയും ചെയ്തത് അദ്ദേഹത്തിനെയായിരുന്നു. ആദം (അ) ശീശിനോടു പറഞ്ഞു : നീ അല്ലാഹുവിനെ പറയുന്നിടത്തെല്ലാം മുഹമ്മദ് (സ) യുടെ നാമവും അതിനോട് ചേര്‍ത്തു പറയുക, ഞാന്‍ മണ്ണും ആത്മാവുമായിരിക്കേ തന്നെ അദ്ദേഹത്തിന്റെ നാമം അര്‍ശില്‍ ഉല്ലേഖിതമായിട്ടു കണ്ടിട്ടുണ്ട്.
ഞാന്‍ ആകാശങ്ങളില്‍ ചുറ്റിസഞ്ചരിച്ചു,ആകാശങ്ങളിലൊന്നും മുഹമ്മദ്(സ) എന്ന നാമം ഉല്ലേഖനം ചെയ്യപ്പെടാത്തതായി ഒരു സ്ഥലവുമില്ല. എന്റെ നാഥന്‍ എന്നെ സ്വര്‍ഗ്ഗത്തില്‍ പാര്‍പ്പിച്ചു; അവിടെയൊരു കൊട്ടാരമോ മുറിയോ മുഹമ്മദ്(സ) എന്നു ഉല്ലേഖനം ചെയ്യാത്തതായി ഇല്ല. സ്വര്‍ഗ്ഗത്തിലെ ഹൂറികളിലും സ്വര്‍ഗ്ഗത്തിലെ ഇജാം ഇലയിലും തൂബാ മരത്തിന്റെ ഇലയിലും സിദ്റതുല്‍ മുന്‍‌തഹായുടെ ഇലയിലും ഹുജുബിലും മാലാഖമാരുടെ കണ്ണുകളിലും ഞാന്‍ മുഹമ്മദ് (സ) എന്ന നാമം ഞാന്‍ കണ്ടു. അതിനാല്‍ ആ നാമം സ്മരിച്ചുകൊണ്ടേയിരിക്കുക, മാലാഖമാര്‍ മുഴുസമയവും അദ്ദേഹത്തെ സ്മരി‌ച്ചുകൊണ്ടേയിരിക്കുന്നു.


ജാബിര്‍ (റ) യില്‍ നിന്നു ഉദ്ദരിക്കപ്പെട്ടിരിക്കുന്നു: നബി (സ) പറഞ്ഞു: സ്വര്‍ഗ്ഗത്തിന്റെ കവാടത്തില്‍ " ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദ് റസൂലുല്ലാഹ് " എന്നുല്ലേഖനം ചെയ്തിരിക്കുന്നു. അബൂ ഹുറൈറ (റ) യില്‍ നിന്ന്‌: നബി (സ) പറഞ്ഞു: ആദം (അ) ഇന്ത്യയില്‍ ഇറങ്ങി. അപ്പോള്‍ ഏകാന്തത തോന്നി. ജിബ്‌രീല്‍ ഇറങ്ങിവന്നു ബാങ്കു മുഴക്കി:"അല്ലാഹു അക്‌ബര്‍ ....അശ്‌ഹദു അന്ന മുഹമ്മര്‍ റസൂലുല്ലാഹ്" ആദം (അ) ചോദിച്ചു: മുഹമ്മദ് (സ) ആരാണ്‌? "നിങ്ങളുടെ സന്താനങ്ങളിലെ അവസാന പ്രവാചകന്‍" അനസു ബ്‌നു മാലിക് (റ) നബിയെ ഉദ്ദരിക്കുന്നു: ഖുര്‍‌ആനില്‍ അല്ലാഹു " അവര്‍ക്കു രണ്ടു പേര്‍ക്കുമായി അതിന്റെ (മതില്‍) താഴെ നിധിയുണ്ടായിരുന്നു" എന്നു പറഞ്ഞ സംഭവത്തില്‍ മതിലിനടിയില്‍ സ്വര്‍ണ്ണത്തിന്റെ ഒരു ഫലകമായിരുന്നു ഉണ്ടായിരുന്നത്. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: ബിസ്മില്ലാഹിര്‍റഹ്മാന്‍, മരണത്തെ വിശ്വസിക്കുന്നയാളുടെ കാര്യം അതിശയം തന്നെ, അയാള്‍ എങ്ങനെ സന്തോഷിക്കുന്നു, വിധിയെ വിശ്വസിക്കുന്നയാളുടെ കാര്യം അതിശയം തന്നെ, അയാള്‍ എങ്ങനെ ദു‌ഖിക്കുന്നു, ഈ ലോകം മറഞ്ഞു പോകുകയും അതിലെ ആളുകള്‍ അപ്രത്യക്ഷമാവുകയും ചെയ്യും എന്നു വിശ്വസിക്കുന്നയാളുടെ കാര്യം അതിശയം തന്നെ, അയാള്‍ എങ്ങനെ ഈ ലോകത്തില്‍ ആനന്ദം കൊള്ളും അല്ലാഹുവിന്റെ പ്രവാചകന്‍ മുഹമ്മദ് (സ). "
ഇബ്നു ഉമര്‍ (റ) ല്‍ നിന്നു നിവേദനം : നബി (സ) വെള്ളി കൊണ്ടൊരു മോതിരം പണിയിച്ചു, അതില്‍ ഇങ്ങനെ ഉല്ലേഖനം ചെയ്തിരുന്നു" മുഹമ്മദ്, അല്ലാഹുവിന്റെ തിരുദൂതര്‍" അങ്ങന മറ്റാരും എഴുതിക്കുന്നത് തടയുകയും ചെയ്തു. ആ നാമം ഉച്ചരിക്കാതെ ഒരാളുടെ വിശ്വാസവും പൂര്‍ണ്ണമാവുകയില്ലല്ലോ. സല്ലല്ലാഹു അലൈഹി വസല്ലം.


(കടപ്പാട്: ദിനപത്രം അല്‍‍ ഇത്തിഹാദ് ദിനപത്രം )

Sunday, February 07, 2010

കുറ്റം നേതൃത്വത്തിനോ?

തീവ്രവാദവും അതിനു പ്രത്യയശാസ്ത്ര പിന്തുണ നല്‍കുന്നതും തെറ്റായിരുന്നു എന്ന സത്യം പറയുമ്പോള്‍ ആര്‍ക്കാണതു സഹിക്കാത്തത്? സമുദായത്തിന്‍റെ പല്ലില്‍ കുത്തി മണപ്പിക്കലായി അതിനെ കാണുന്നതിന്‍റെ പിന്നിലാരാണു? അവര്‍ ഇന്നലെ വരെ മുസ്‌ലിംകള്‍ അനുഭവിക്കുന്ന ദുരിത പര്‌വ്വം നിറക്കൂട്ടുകളില്‍ അവതരിപ്പിച്ച തങ്ങളുടെ സംഘബലം കൂട്ടാനും, സംഘടനക്കു പ്രത്യയശാസ്ത്ര പിന്‍ബലം നല്‍കാനും ശ്രമിച്ചവര്‍, മുസ്ലിം പീഡനം സമുദായം ഇന്നനുഭവിക്കുന്ന മുഴുപ്രശ്നങ്ങളുടെയും കാതല്‍ എന്ന തരത്തില്‍ നിരന്തരം സ്റ്റേജിലും പേജിലുമായി പ്രചരണഴിച്ചുവിട്ടവര്‍, മഹാ ഭൂരിപക്ഷം അമുസ്ലിംകള്‍ വസിക്കുന്ന ഇന്ത്യയിലെ മുക്കുമൂലയില്‍ നടക്കുന്ന നീതി നിഷേധങ്ങളേ ധ്വംസനങ്ങളെ പെരുപ്പിച്ചും പറ്ഞ്ഞു പേടിപ്പിച്ചും വികാരം കൊള്ളിച്ചു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ന്യുനപക്ഷങ്ങള്‍ അനുഭവിക്കുന്ന ചില കൈപ്പുറ്റ യാഥാര്‍ത്ഥ്യങ്ങള്‍ കാണിച്ചു ജനാധിപത്യത്തിലും നീതിവ്യവസ്ഥയിലും യുവാക്കള്‍ക്കുള്ള വിശ്വാസം തകര്‍ത്തു നിരാശയുടെ കയത്തില്‍ തള്ളിവിട്ട ഇവരാണു ഇപ്പോള്‍ പറയുന്നതു തീവ്രവാദ പ്രചരണത്തിന്‍റെ പേരില്‍ സമുദായ അംഗങ്ങളെ കുരുതി കൊടുക്കരുത് എന്ന്‌.


സമുദായ്ത്തീന്‍റെ യഥാര്‍ത്ഥപ്രശ്നം ദാരിദ്ര്യവും മൂല്യരാഹിത്യവും പൊതുവിഷയങ്ങളില്‍ ഐക്യകില്ലായ്മയുമാണ്‌ എന്നു.
ഈ തിരിച്ചറിവു ലഭിക്കുമ്പോഴേക്കും എത്ര തടിയന്‍റ്വിടെകളും ഫയാസുമാരും വളര്‍ന്നു വന്നു. എത്ര ഉമ്മമാര്‍ക്കു മക്കളും യുവതികള്‍ക്കു ഭര്‍ത്താക്കന്മാരും നേതാക്കള്‍ക്കു കാലും യുവാക്കള്‍ക്കു ദിശാബോധവും നഷ്ടപ്പെട്ടൂ. ഗുജറാത്തിലെ ഗര്‍ഭിണിയായ മുസ്‌ലിം സ്ത്രീയുടെ വയറു കുത്തിക്കീറിയാല്‍ രാമ പ്രീതിയും മോക്ഷവും ലഭിക്കുമെന്ന്‌ ആര്‍ക്കാണു വിശ്വസിക്കവാന്‍ കഴിയുക, നിരപരാധിയായ ഒരു മനുഷ്യനെ ബോംബെറിഞ്ഞു അയാളുടെ കുടുംബത്തെ നിരാലംബരാക്കുന്നതു സ്വര്‍ഗ്ഗം ലഭിക്കുന്ന ജിഹാദാണെന്നു വിശ്വസിക്കുവാന്‍ ആരാണു തയ്യാറാവുക. അങ്ങനെ മനുഷ്യനെ കൊന്നു, സ്വയം ജയിലിലകപ്പെട്ടു ഇസ്ലാമിനു "സേവനം " ചെയ്യാന്‍ മതം പറയുന്നില്ലെന്നു ജനങ്ങളോടു മിമ്പറിനു മുകളിലും താഴെയുമായി നിന്നു പറയുന്നതു സമുദായത്തിനു ഒറ്റുകൊടുക്കലാണോ? തീവ്രവാദം ഉണ്ടായതു ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയും കൊണ്ടുമാത്രമാണെന്നു നാം പറയുന്നില്ല. എന്നാല്‍ ശരിയായ മതവിദ്യാഭ്യാസം ഇല്ലായ്മയാണെന്നു തീര്‍ത്തു പറയാന്‍ സാധിക്കും. എന്‍ജിയറിംങിലും മറ്റും ഗവേഷണ ബിരുദധാരികള്‍ തീവ്രവാദത്തില്‍ ലോകശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ടു. പക്ഷേ, ഗുരുത്വത്തോടൊ ഒരു ഉസ്താദിന്‍റെ അടുത്തുനിന്നു മതം പഠിച്ചു പൂര്ത്തിയാക്കിയ ആരെങ്കിലും ഇത്തരം നശീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളിയായതായി നാം കാണുന്നില്ല. കാരണം അതു മത ശാസനകള്‍ക്കു വിരുദ്ധമാണു. തീവ്രതയുടെ വിഷം കുത്തിവെക്കപ്പെട്ട, വികാരത്തിനു അടിപ്പെട്ട യുവതയെ അതു ഇസ്ലാമികമല്ലെന്നും അതിന്‍റെ പരിണതി സര്‍‌വ്വനാശമാണെന്നും പറഞ്ഞുകൊടുക്കുന്നതു തെറ്റാണോ? അതോടൊപ്പം ഇത്തരം ഒറ്റപ്പെട്ട വ്യക്തികളുടെ ചെയ്തികള്‍ കാണിച്ചു സമുദായത്തെ ബലിയാക്കാന്‍ ശ്രമിക്കുന്നവരോട് ഇവര്‍ സമുദായത്തിന്‍റെ പ്രതിനിധികളല്ലെന്നും അതിലും വലിയ താടിയും തലപ്പാവും ധരിച്ചവരും പര്‍ദ്ദയണിഞ്ഞവരും പള്ളിയില്‍ നിസ്കരിക്കുന്നവരും തീവ്രവാദം അംഗീകരിക്കുന്നില്ലെന്നും മറുപടി പറയേണ്ടതല്ലേ. നസീറിന്‍റെയും ത്വരീഖത്തും ഹഖീഖത്തും ദീനിന്‍റെതല്ലെന്നു പറയുന്നതു വേട്ടക്കാരുടെ പക്ഷം ചേരലാണോ? മുസ്‌ലിം ബഹുഭൂരിപക്ഷത്തെ ശിര്‍ക്കാരോപിച്ചും സാമൂഹിക പ്രശ്നങ്ങളെ പണ്ഢിതരുടെ തലയില്‍ കെട്ടിവെച്ചും പുതിയ പള്ളിയും പ്രസിദ്ധീകരണങ്ങളും തുടങ്ങിയവര്‍ സംഘടനാ ബാഹുല്യത്തെ കുറിച്ചു ഇപ്പോള്‍ കരഞ്ഞിട്ടെന്നു ഫലം ? ഏതായാലും തസവ്വുഫിനെയും ആത്മീയതയെയും തള്ളിപ്പറഞ്ഞ് അന്താരാഷ്ട്രീയം മാത്രം പ്രസംഗിച്ചു നടന്നവര്‍ സമുദായത്തിനകത്തെ മൂല്യശോഷണം ഇല്ലായ്മ ചെയ്യാനുള്ള് സംസ്കരണ പ്രവര്‍ത്തനങ്ങള്‍നടത്തുന്നതാണു സമുദായത്തിനു ആവശ്യമെന്നു ഇവര്‍ക്കു മനസ്സിലാക്കിക്കൊടുത്തതില്‍ തടിയന്‍റവിടയുടെ " സേവനം" പ്രശംസനീയം തന്നെ. കുറ്റം ചെയ്തവരെയും കുറ്റം ചെയ്യിച്ചവരെയും ചൂണ്ടിക്കാട്ടിക്കൊടുക്കുന്നതു അതിന്‍റെ പേരില്‍ ഒരു മതത്തെയും ഒരു സമൂഹത്തെയും വേട്ടയടുന്നതു നിര്‍ത്താനാണു. ഇവിടെ മൗനം ഭജിക്കുന്നത് വേട്ടക്കാര്‍ക്കും ഫാസിസ്റ്റു മീഡിയകള്‍ക്കും സമുദായത്തെ ഒന്നടങ്കം സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്താനേ ഉപകരിക്കൂ. വികാരം കൊണ്ടും വിഷാധപ്പെട്ടുമല്ല, പ്രത്യുത നിര്‍മ്മാണാത്മകമായ പദ്ധതിയും ചിട്ടയൊത്ത പ്രവര്‍ത്തനവും കൊണ്ടുമാണു നാം പ്രതിസന്ധിയെ അതിജീവിക്കേണ്ടത്. ഇവിടെ കുറ്റക്കാരാരാണെന്നു ഞാന്‍ എന്‍റെ English  ബ്ലോഗില്‍ കുറിച്ചിട്ടൂണ്ടു.